കോഴിക്കോട്: രാത്രി പട്രോളിംഗ് നടത്തിയ പോലീസിന് നേരെ സിറിഞ്ച് ഉപയോഗിച്ച് ആക്രമണം നടത്തിയ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മാനാഞ്ചിറ സ്ക്വയറിൽ നടന്ന സംഭവത്തിൽ രാമനാട്ടുകര സ്വദേശികളായ രജാദ് (38), ബെനി ലോയ്ഡ് (48), നന്ദകുമാർ (25) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തിൽ ഉൾപ്പെട്ട മറ്റു മൂന്ന് പേർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. ശനിയാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ എംഎസ്പിയിലെ സിവിൽ പോലീസ് ഓഫീസർ കെ. ആദർശിനാണ് പരിക്കേറ്റത്. മാനാഞ്ചിറ സ്ക്വയറിനുള്ളിൽ എന്തോ പ്രശ്നമുണ്ടെന്ന വിവരത്തെ തുടർന്നാണ് പട്രോളിംഗ് സംഘം സ്ഥലത്തെത്തിയത്.
അറുപേർ ഉൾപ്പെട്ട സംഘത്തിലെ രണ്ടുപേർ പോലീസിനെ കണ്ട് ഓടിയിരുന്നു. തുടർന്ന് ബാക്കിയുള്ള നാലുപേരെ പോലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് ഒരാൾ കൈയിലുണ്ടായിരുന്ന സിറിഞ്ച് ഉപയോഗിച്ച് ആദർശിനെ ആക്രമിച്ചത്. പിന്നാലെ ഇവരും ഓടി രക്ഷപ്പെട്ടു.
പിടിയിലായവരെ ചോദ്യം ചെയ്തുവരുകയാണ്. സംഭവത്തിന് പിന്നിൽ ലഹരി സംഘമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.